പഴയങ്ങാടി ലൈവ് വാട്സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
അറുപത്തിയഞ്ച് വാട്സ്സാപ് ഗ്രൂപ്പുകൾ, ആൻഡ്രോയ്ഡ് അപ്ലിക്കേഷൻ , ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക്, ടെലിഗ്രാം, യൂട്യൂബ്- അമ്പതിനായിരത്തോളം സ്നേഹമുഖങ്ങൾ ♥️!! പഴയങ്ങാടിയുടെ മനസറിഞ്ഞ് അഞ്ചാം വർഷത്തിലേക്ക് പഴയങ്ങാടി ലൈവ് ഓൺലൈൻ 🖤🤍

PAYANGADI WEATHER

ഓർമയിലെ അധ്യാപകർ


സെപ്റ്റംബർ 5 അധ്യാപക ദിനം. ചൂരൽ കഷായവും ചെവി പൊന്നാക്കിയതും ക്ലാസിന് വെളിയിൽ നിർത്തിയതുമായ അന്നത്തെ പകയുള്ള കാര്യങ്ങൾ മധുരിക്കുന്ന ഓർമകളായി മാറുന്ന നിമിഷങ്ങൾ. ചിലർക്ക് അധ്യാപക ദിനത്തിൽ 'പണ്ടത്തെ മാഷിന്റെ തല്ലിന്റെ' ഓർമ വരും ചിലർക്ക് വാത്സല്യത്തിന്റെയും. ഇത് രണ്ടും ഒന്നുചേർന്നതാണ് യഥാർത്ഥത്തിൽ മധുരമുള്ള ഓർമകൾ. 

അധ്യാപക ദിനത്തിന്റെ ചരിത്രം ഒന്ന് പരിശോധിക്കാം.


അധ്യാപകരോടുള്ള ആദരസൂചകമായി എല്ലാ വർഷവും സെപ്റ്റംബർ 5ന് രാജ്യത്ത് അധ്യാപക ദിനം ആഘോഷിക്കുന്നു. ഇന്ത്യയുടെ ആദ്യത്തെ ഉപരാഷ്ട്രപതിയും രണ്ടാമത്തെ രാഷ്ട്രപതിയുമായിരുന്ന ഡോ.എസ് രാധാകൃഷ്ണന്റെ ജന്മ വാർഷികമാണ് സെപ്റ്റംബർ 5. അധ്യാപകൻ, തത്വചിന്തകൻ എന്ന നിലയിലും വ്യക്തമുദ്ര പതിപ്പിച്ചിരുന്നു. വിദ്യാഭ്യാസ രംഗത്തിന് നൽകിയിട്ടുള്ള സംഭാവനകൾ കണക്കിലെടുത്ത് 1962 സെപ്റ്റംബർ 5 മുതൽ അധ്യാപക ദിനം ആഘോഷിച്ചു വരുന്നു.

അധ്യാപക ദിനം; ഇന്നലെയും ഇന്നും

ഓഫ്ലൈനുകൾ ഓൺലൈനായ കാലമാണല്ലോ ഇത്. അതുകൊണ്ട് തന്നെ ഈ അന്തരം അധ്യാപകവൃത്തിയിലും പുത്തൻ അധ്യാപന ഓർമകളിലും നിറഞ്ഞുനിൽക്കുന്നു. ക്ലാസ് മുറിയിൽ നിന്ന് പുറത്താക്കിയ പഴയ കാലത്ത് ഇന്ന് ഗൂഗിൾ മീറ്റിൽ നിന്ന് പുറത്താക്കുന്ന കാലമായി. പേപ്പറിൽ പരീക്ഷ എഴുതിയ കാലത്ത് നിന്ന് ടൈപ് ചെയ്ത് അയക്കുന്ന കാലമായി. അസംബ്ലി മൈതാനങ്ങളും മരച്ചുവടും ഒക്കെ വീടുകൾ തന്നെയായി. പലയിടങ്ങളിലും അധ്യാപകരായും വിദ്യാർത്ഥിയായും രക്ഷിതാക്കൾ വേഷമിടുന്നു. എത്രയും പെട്ടെന്ന് സ്കൂളുകൾ തുറന്ന് വിദ്യാർത്ഥി ജീവിതം പഴയപോലെ മികച്ചതാവട്ടെയെന്ന് പ്രത്യാശിക്കാം.

പഴയങ്ങാടി ലൈവ് 'ഓർമകളിലെ അധ്യാപകർ'- പംക്തിയിലേക്ക് മാന്യ വായനക്കാർ അയച്ചുതന്ന പ്രിയ അധ്യാപകരെകുറിച്ചുള്ള മധുരമേറിയ ഓർമകുറിപ്പുകൾ..


എന്റെ ബാബു മാഷിന്..
ജി എം യു  പിയുടെ  വരാന്തയിലൂടെ നടക്കുമ്പോൾ ഇന്നും ഓർമ വരുന്ന എന്റെ സ്കൂൾ കാലം.. അവിടെ എന്നും നിറഞ്ഞു നിൽക്കുന്ന നമ്മുടെ സ്വന്തം ബാബു മാഷ് (Dinesh Babu NVD) മാഷിനെ കുറിച്ച് പറയാൻ ചിലപ്പോൾ എന്റെ വാക്കുകൾ മതിയാകില്ല..ഓർമകൾ തെളി യുമ്പോൾ വാക്കുകലെ ക്കാൾ ഏറെ സന്തോഷത്തിന്റെ കണ്ണീർ തുള്ളികൾ വരുന്നു..ബാബു മാഷോട് എനിക്കുള്ളത് ബഹുമാനമൊ,ആദരവോ മാത്രമല്ല...അത്രയും കാലം കൂടെ നടന്ന് അറിവിന്റെ അന്നം ഊട്ടിയ..ഒരു സുഹൃത്തിനെ പോലെ കളി തമാശകൾ പറഞ്ഞ, അച്ഛന്റെ കാർക്കശൃം പോലെ നിഷ്കളങ്കമായ ഉപദേശങ്ങൾ നല്കിയ...എന്നും കൂടെ നിന്ന് തെറ്റുകൾ തിരുത്തി തന്ന...എന്റെ സുഹൃത്,വഴികാട്ടി, ...അങ്ങനെ എല്ലാം..  ആയിരുന്നു മാഷ്.
സയൻസ് എടുക്കുമ്പോൾ ചെടി യുടെ ചിരി പോലും മാഷ് കുട്ടികളിൽ എത്തിക്കും, ഇംഗ്ലീഷ്‌ എടുക്കുമ്പോൾ  അതിരില്ലാത്ത ഭാഷയുടെ ലോകത്തെ കൗതുകങ്ങൾ കാണിച്ചു നമ്മെ അത്ഭുതപ്പെടുത്തും,  ഇയാൾ എന്തൊരു മനുഷ്യനാണെന്ന് ന്യൂ ജനറേഷൻ പിള്ളേർ പറഞ്ഞു പോകും..അത്രക്ക് പൊളി ആണ് മാഷ്..
..അധ്യാപക ജീവിതതിലൂടെ ഞാൻ കടന്ന് പോകുമ്പോൾ..ബാബു മാഷ് എന്ന പുസ്തകത്തിലെ ഒരു പേജ് എങ്കിലും ആവാൻ ഞാൻ ശ്രമിച്ചു കൊണ്ടേ യിരിക്കുകയാണ്.. 
ജി എം യു പി യുടെ ഓരോ ചുവരുകൽക്കും ഓരോ അധ്യാപകരുടെ കഥ പറയാൻ ഉണ്ടാകും...OR മാഷിന്റെ കണക്ക് ക്ലാസ്സും,DK  മാഷിന്റെ സയൻസ് ക്ലാസും, രമേശൻ മഷുടെ ഇംഗ്ലീഷ്‌ ക്ലസും, ഷീബ ടീച്ചർ എന്ന അമ്മ ടീച്ചറുടെ..കുഞ്ഞടിയും, റഹ്മത്ത് ടീച്ചറുടെ..സ്നേഹ ലാളനയും...  ഓർമകൾക്ക് എന്തൊരു മധുരമാണ്...
തിരികെ പോകാൻ കൊതിക്കുന്നിടം ..... അതാണെന്റെ സ്കൂൾ..🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Zakiya.S
Puthiyangadi.


 

എന്റെ ടീച്ചറമ്മ

മധുരാർദ്രമായ സ്കൂൾ നിമിഷങ്ങളിലെല്ലാം നമുക്ക് പ്രിയപ്പെട്ട ഒരു ടീച്ചറുണ്ടാകും. അങ്ങനെയില്ലാത്ത എന്ത് ഓർമ്മകൾ,അല്ലെ..

ശാസിച്ചും സ്നേഹിച്ചും അറിവിന്റെ അക്ഷരങ്ങൾ പകർന്നു തന്ന ഒരു ടീച്ചർ എനിക്കുമുണ്ട്..5-ആം തരത്തിലെ എന്റെ ക്ലാസ്സ്‌ ടീച്ചർ ആയിരുന്ന അജിത ടീച്ചർ.. ഞങ്ങളുടെ അജിതമ്മ.. കണക്കിനോടും കണക്കു ടീച്ചറോടും പൊതുവെ അലർജിയായിരുന്ന എനിക്ക് പ്രിയപ്പെട്ട ഒരേയൊരു കണക്ക് ടീച്ചർ ആയിരുന്നു അജിത ടീച്ചർ... കണക്കിനോട് കൂട്ട് കൂടിയ ഒരേയൊരു വർഷമായിരുന്നു അത്.. കഥകളിൽ കാണുന്ന പോലെ വട്ടക്കണ്ണടയിൽ ഉണ്ടക്കണ്ണും സാരിയുമായി വന്ന് ചൂരൽ കഷായം പ്രയോഗിക്കുന്ന ടീച്ചർ ആയിരുന്നില്ല അജിതമ്മ.. സ്നേഹ ഭാഷയിൽ സൂത്രവാക്യങ്ങളോതി തരുന്ന ഒരു അദ്ധ്യാപിക. "ഒരമ്മ തന്റെ കുഞ്ഞിനെ ശിക്ഷിക്കും.. ശാസിക്കും. പക്ഷെ, മറ്റൊരാൾ തന്റെ കുഞ്ഞിനെ ശിക്ഷിക്കുമ്പോൾ ആ മുഖം ഒന്ന് വാടും. ഹൃദയം നോവും.. അത് പോലെ അജിത ടീച്ചർ എത്ര ശാസിച്ചാലും മറ്റൊരു ടീച്ചർ അനാവശ്യമായി ഞങ്ങളെ ശാസിക്കുന്നത് ടീച്ചർക്ക് ഒട്ടും ഇഷ്ടമല്ലായിരുന്നു.."

നിങ്ങളെ ഞാൻ ശാസിക്കും. പക്ഷെ, മറ്റൊരു ടീച്ചർ നിങ്ങളെ അനാവശ്യമായി ശാസിക്കുന്നത് എനിക്കിഷ്ടമല്ല എന്ന ടീച്ചറുടെ വാക്കുകൾ മാത്രം മതിയായിരുന്നു ആർക്കും നൽകാതിരുന്ന ടീച്ചറമ്മയുടെ സ്ഥാനം ടീച്ചർക്ക് വിട്ടു കൊടുക്കാൻ.. മുന്നിലിരിക്കുന്ന കുട്ടി തന്റെദല്ലെന്ന് തോന്നുന്ന നിമിഷം അദ്ധ്യാപകൻ വിദ്യാലയത്തിൽ നിന്നും പടിയിറങ്ങണമെന്ന ഡോ : എസ് രാധാകൃഷ്ണന്റെ വാക്കുകൾ കേൾക്കുമ്പോൾ ആദ്യം ഓർമ വരുന്നത്  ടീച്ചറമ്മയെയാണ്..വാക്കുകളാൽ തീർക്കുന്ന മായാജാലമല്ല.. വാക്കുകൾ പഠിപ്പിച്ചു തരുന്ന വിസ്മയയമാണ് ടീച്ചർ എന്ന് പറയാനാണ് എനിക്കിഷ്ടം.. ഈ അദ്ധ്യാപകദിനത്തിലെ എന്റെ ആദ്യ ആശംസയും ഞാൻ ടീച്ചർക്കായി സമർപ്പിക്കുകയാണ്.. പ്രിയ ഗുരുവേയ്.. ഓരോ അദ്ധ്യാപകനെയും ആദരവോടെ നോക്കിക്കാണുന്ന ഈ ദിനത്തിൽ ഹൃദയത്തിൽ നിന്നുമുള്ള ഒരു അദ്ധ്യാപകദിനാശംസകൾ ഞാൻ ടീച്ചർക്കായി നേർന്നു കൊള്ളുന്നു..


നന്ദി..

നമസ്കാരം..

(Skvups chattiol സ്കൂളിലെ റിട്ടയർ ആയ അദ്ധ്യാപികയാണ് അജിത ടീച്ചർ.)


By

ZANHA FATHIMA KP 

8 G

CPNS GHSS MATHAMANGALAM 

കഴിഞ്ഞ ദിവസം ഞാൻ കയറിയ പയ്യന്നൂരിലേക്ക് പോവുന്ന ബസ്സ് പിലാത്തറ എത്തിയപ്പോൾ ബസ്സ് കാത്ത് നിൽക്കുന്ന കന്യാസ്ത്രീകളുടെ കൂട്ടത്തിൽ പരിചിതമായൊരു മുഖം കണ്ട് ഓടിയിറങ്ങിച്ചെന്നു. അടുത്തെത്തിയപ്പഴാണ് ആളുമാറിപ്പോയെന്നറിഞ്ഞത്. ഈ മാസ്ക് വരുത്തി വയ്ക്കുന്ന ഓരോ പ്രശ്നങ്ങൾ.. വേഗം  ബസ്സിൽ തിരികെ കയറിയിരുന്നെങ്കിലും പയ്യന്നൂരെത്തും വരെ ലില്ലി മേരി സിസ്റ്ററായിരുന്നു മനസ്സിൽ . എന്റെ നേഴ്സറി സ്കൂളിലെ പ്രധാനാധ്യാപികയായിരുന്നു അവർ. ഏറ്റവുമാദ്യത്തെ അദ്ധ്യാപകരിലൊരാൾ . പഠിച്ചിറങ്ങി ഇത്ര വർഷം കഴിഞ്ഞിട്ടും അവരുടെ കൈ പിടിച്ച് മഠത്തിലെ റോസാച്ചെടികൾക്കിടയിലൂടെ നടക്കുന്നത് ഇപ്പഴും ഓർമ്മയുണ്ട്. ജീവിതത്തിലെ ഏറ്റവും സുന്ദരമായ ദിവസങ്ങളായിരുന്നവ. അദ്ധ്യാപികയുടെ കാർക്കശ്യത്തെക്കാൾ അമ്മയുടെ വാത്സല്യമായിരുന്നു അവരിൽ .മഠത്തിൽ സന്ദർശകരുണ്ടാവുമ്പോൾ അവർക്കായുണ്ടാക്കുന്ന ചായയുടേയും പലഹാരത്തിന്റെയും ഓഹരി പലപ്പോഴും എനിക്ക് സിസ്റ്റർ കൊണ്ടുത്തരാറുണ്ടായിരുന്നു. ഏറെ നാളുകൾക്കു ശേഷം പത്താം ക്ലാസ് പരീക്ഷ നടക്കാനിരിക്കവെ വിജയാശംസകൾ നേർന്നു കൊണ്ട് പ്രിയപ്പെട്ട അദ്ധ്യാപികയുടെ ഫോൺ കോൾ വന്നു. ആലപ്പുഴയിലേക്ക് സ്ഥലം മാറ്റം ലഭിച്ച് പോയതിനു ശേഷം സിസ്റ്ററിനെ കാണാനായിട്ടില്ലെങ്കിലും അവരുടെ മുഴക്കമുള്ള ചിരിയും ഊഷ്മളമായ പെരുമാറ്റവും ഇപ്പോഴുമുള്ളിലുണ്ട്. പൂക്കളെപ്പോലെ കുട്ടികളെയും ശ്രദ്ധാപൂർവ്വം കൊണ്ടു നടന്ന ആ അദ്ധ്യാപിക  എന്നെ ഏറെ സ്വാധീനിച്ച വ്യക്തിത്വമായിരുന്നു.


Devika Sreejith

Chengalഇന്ന് സെപ്റ്റംബർ 5 അധ്യാപക ദിനം നാം ഓരോരുത്തരുടെയും മനസ്സിൽ നമ്മുടെ പ്രിയപ്പെട്ട ടീച്ചറുടെ മുഖവും ഓർമ്മകളും എത്തുന്ന ഒരു ദിനം. അത് പോലെ എന്റെ മനസ്സിൽ ഓടിയെത്തുന്ന ഒരു മുഖമാണ് നിങ്ങളുമായി പങ്കുവയ്ക്കുന്നു ഹയർസെക്കൻഡറി പഠനം പൂർത്തിയാക്കിയ പുതിയങ്ങാടി ഹയർസെക്കൻഡറി സ്കൂളിലാണ്. അന്ന് അവിടെ പ്രിൻസിപ്പൽ ആയിരുന്ന ശ്രീമതി എൽസമ്മ ജോസഫ് ടീച്ചറെ കുറിച്ചാണ് ഞാൻ പറയാൻ പോകുന്നത്. അധികം വലിയ ഷോ ഒന്നുമില്ലാതെ കാര്യത്തിലേക്ക് പോകാം. നാം ഓരോരുത്തർക്കും പഠിക്കുന്ന സമയത്ത് ടീച്ചേഴ്സ് നമുക്ക് വെറുപ്പാണ് am right. ഞങ്ങളെല്ലാവരും ടീച്ചറെ വിളിച്ചിരുന്നത് എൽസു അല്ലെങ്കിൽ പ്രിൻസി എന്നാണ്. ടീച്ചർ ക്രിസ്ത്യൻ ആയതുകൊണ്ട് തന്നെ സംസാരം വേറെ ശൈലിയിലായിരുന്നു. ടീച്ചറെ സംസാരമൊക്കെ കുട്ടികൾ Act ചെയ്ത ടീച്ചർക്ക് തന്നെ കാണിച്ചു കൊടുക്കും അപ്പോൾ ഒന്നും പറയാതെ ചിരിച്ചു നിൽക്കും അതാണ് നമ്മുടെ എൽസു. ടീച്ചർ മറ്റ് ടീച്ചേഴ്സ് നിന്ന് കുറച്ചു കൂടി ഫ്രണ്ട്ലി ആണ്. മലയാളമായിരുന്നു സബ്ജക്ട് ഞാൻ അറബിക് ആയതുകൊണ്ടുതന്നെ ടീച്ചർ എനിക്ക് ക്ലാസ് എടുത്തിരുന്നില്ല. ടീച്ചർ ശരിക്കും നമ്മുടെ സ്കൂളിന് ഒരു പ്രിൻസിപ്പാൾ അല്ലെങ്കിൽ ഒരു അധ്യാപിക ആയിരുന്നില്ല ടീച്ചർ സ്കൂളിൻ്റെ വെളിച്ചമായിരുന്നു. സ്കൂളിലെ എല്ലാ ജോലികളും ഒരു മടി കൂടാതെ സ്വന്തം എന്ന രീതിയിൽ ചെയ്യുമായിരുന്നു. സ്കൂൾ ക്ലീനിങ്, ബാത്റൂം ക്ലീനിംഗ് ചെയ്യുന്നതുവരെ കണ്ടിട്ടുണ്ട്. ടീച്ചർ പാവപ്പെട്ട കുട്ടികൾക്ക് ധനസഹായം അതായത് സ്കോളർഷിപ്പ് വാങ്ങിക്കൊടുക്കാൻ എന്നും മുന്നിലായിരുന്നു. ഓരോ ദിവസവും ക്ലാസിൽ കയറിയിറങ്ങി പറയും കുട്ടികളോട് കൊടുക്ക് കൊടുക്ക് എന്ന്. ടീച്ചർക്ക് ഉപകാരമുള്ള കാര്യം പോലെ. അപ്പോൾ മറ്റ് അധ്യാപകർ പറയും ടീച്ചർക്ക് വട്ടാണോ എന്തിനാണ് ഡെയിലി വന്ന് പറയുന്നത് എന്ന്. അപ്പോൾ ഒരു പുഞ്ചിരി നൽകും. നമ്മുടെ സ്കൂൾ ഒരു lab technor, ഒരു ക്ലർക്ക് പിന്നെ പ്ലംബിംഗ് അങ്ങനെ ഉള്ളവർ ഉണ്ട്. ഞങ്ങൾ അവരെ പ്യൂൺ എന്നാണ് വിളിക്കാറ്. ടീച്ചർക്ക് അത് ഇഷ്ടമല്ല. ടീച്ചർ പറയും പിള്ളേരെ അങ്ങനെ ഒന്നും ഇവിടെയില്ല അവരവരുടെ പദവി മനസ്സിലാക്കണമെന്ന് പറഞ്ഞു അടിച്ചോടിക്കും. ഞങ്ങൾ കൂടുതലായും ടീച്ചറുമായി സംസാരിക്കുന്നത് ലഞ്ച് ബ്രേക്ക് ടൈമിലാണ് കാരണം ടീച്ചറെ ജോലി എല്ലാം ടീച്ചർ നിർത്തിയിട്ട്‌ മാത്രമേ കഴിക്കാറുള്ളൂ. അപ്പോഴേക്കും ഓൾ മോസ്റ്റ് ലഞ്ച് ബ്രേക്ക് കഴിയും മറ്റ് ടീച്ചേഴ്സ് ഒക്കെ ബെല്ലടിച്ചവാട് ഭക്ഷണം കഴിക്കുമ്പോൾ ടീച്ചർ ഒറ്റയ്ക്ക് ബോട്ടണി ലാബിൽ ഇരുന്നാണ് കഴിച്ചിരുന്നത് അപ്പോഴാണ് ടീച്ചറുമായി കൂടുതൽ കഥ പറയുന്നത്. 


ഞാനൊരു എൻഎസ്എസ്, ASAP മെമ്പർ ആണ് നമ്മുടെ എൻഎസ്എസ് ക്യാമ്പ് ഡിസംബറിൽ ആയതുകൊണ്ടുതന്നെ ക്രിസ്തുമസ് ദിനം ടീച്ചർ നമ്മുടെ ഒന്നിച്ചാണ്. വൈകുന്നേരമായപ്പോൾ വലിയ കേക്കും വാങ്ങി ടീച്ചർ വരും ആ ദിവസം ടീച്ചർ എൻഎസ്എസ് വിദ്യാർഥികളുടെ ഒന്നിച്ചാണ് ആഘോഷിക്കുന്നത് മറിച്ച് കുടുംബത്തിൻറെ ഒന്നിച്ചല്ല. അതുപോലെ ASAPൽ മറ്റു സ്കൂളിൽ ഒരു ചായ ഒരു കടി നല്കും മറിച്ച് നമ്മൾക്ക് തന്നത് ഹെൽത്തി ഫുഡ് ആണ് ഹോം മെയ്ഡ് ആയി ഉണ്ടാക്കുന്ന ഭക്ഷണം. അത് കഴിക്കാൻ വേണ്ടി മാത്രം ASAPൽ ചേർന്ന് ചേർന്നവരൊക്കെ ഉണ്ടായിരുന്നു.


നമ്മുടെ പ്ലസ് ടു വിഭാഗം 3 ബ്ലോക്ക് ആയിരുന്നു. അതിൽ സെക്കൻഡ് ബ്ലോക്ക് വിദ്യാർഥികൾക്ക് കുടിക്കാൻ ഫിൽറ്റർ കുടിവെള്ളം ഉണ്ടായിരുന്നു. 3rd ബ്ലോക്കിൽ ആരും ഫിൽറ്റർ സ്പോൺസർ ചെയ്തില്ല. ടീച്ചർ സ്വന്തം ചെലവിൽ അത് ആരുമറിയാതെ കുട്ടികൾക്ക് കുടിവെള്ളം ഫിറ്റ് വെച്ചു. NSS ഫണ്ടിലേക്ക് ടീച്ചറെ വക പച്ചക്കറി, ആവശ്യ വസ്തുക്കൾ എല്ലാം നൽകി. പക്ഷേ ഇതൊന്നും ഒരു പരിപാടിയിലും പൊങ്ങച്ചം ആയി ആരുടെ മുമ്പിലും എടുത്തു പറഞ്ഞില്ല. വേറെ ഒരു അധ്യാപകൻ ക്ലാസ്സ് എടുക്കുന്നതിനിടെ ടീച്ചറുടെ മഹത്വം പറയുമ്പോഴാണ് ഇത് ഞങ്ങൾ അറിഞ്ഞിരുന്നത്. അങ്ങനെ ടീച്ചർ ചെയ്ത ഒത്തിരി സൽകർമ്മങ്ങൾ ഉണ്ട് അറിഞ്ഞതും അറിയാത്തതുമായത്. അതുകൊണ്ടുതന്നെ ടീച്ചറെ കുറിച്ച് എല്ലാവരും അറിയണമെന്ന് തോന്നി. മറ്റു ടീച്ചേഴ്സിന് ഇല്ലാത്ത എന്തോ ഒന്ന് ഉണ്ട് നമ്മുടെ എൽസൂന്. നമ്മുടെ അത് വാക്കുകളിൽ മാത്രം ഒതുങ്ങുന്നില്ല ടീച്ചർ. കഴിഞ്ഞവർഷം മുതൽ റിട്ടയേർഡ് അധ്യാപികയാണ്. നമ്മുടെ ബാച്ച് പഠിച്ചിറങ്ങുന്ന സമയത്താണ് ടീച്ചറും ഇറങ്ങിയത് ഇത്രയും നല്ലൊരു പ്രിൻസിപ്പാളിനെ മഷിയിട്ടു നോക്കിയാൽ കിട്ടില്ല. പുതിയങ്ങാടി സ്കൂളിന് ഇന്ന് അതൊരു പോയിൻറ് ആണ് വെളിച്ചമാണ് അണഞ്ഞത്.

ഞങ്ങൾ പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും ടീച്ചർ എന്നും എപ്പോഴും ഉയിരാണ്..... Miss Everything


AND HAPPY TEACHERS DAY


-Mufeeda Musthafa

Muttam


 
ഓർമ്മയിലെ എന്റെ അധ്യാപിക...

എന്റെ ഓർമ്മയിലേക്ക് ആദ്യം ഓടിയെത്തുന്ന അദ്ധ്യാപിക ഹൈസ്കൂൾ കാലത്ത് എന്നെ കണക്ക്  പഠിപ്പിച്ച ഗിരിജ ടീച്ചറാണ്. അക്കാലത്ത് ഹൈസ്കൂളിൽ കണക്ക് പഠിപ്പിച്ച രണ്ട് അദ്ധ്യാപിക മാരുടെയും പേര് ഗിരിജ എന്നായിരുന്നു. അതുകൊണ്ട് അവരെ തിരിച്ചറിയാനുള്ള കോഡ് ഉയരത്തിലുള്ള വ്യത്യാസമാണ്. വലിയ ഗിരിജ ടീച്ചർ ചെറിയ ഗിരിജ ടീച്ചർ എന്ന് ഞങ്ങൾ സ്നേഹപൂർവ്വം പറയുമായിരുന്നു.ഇതിൽ ആരാണ് എന്റെ പ്രിയപ്പെട്ട ടീച്ചർ എന്നല്ലേ? വലിയ ഗിരിജ ടീച്ചർ തന്നെ.

      ഒരു അദ്ധ്യാപിക എങ്ങനെ ആയിരിക്കണം എന്ന് ജീവിതം കൊണ്ട് കാണിച്ചു തന്ന വ്യക്തി. തന്റെ ക്ലാസ്സിലെ കുട്ടികളെല്ലാം ടീച്ചർക്ക് സ്വന്തം മക്കളെ പോലെയാണ്. പണത്തിന്റെയോ പ്രതാപത്തിന്റെയോ ജാതിയുടെയോ മതത്തിന്റെയോ നിറത്തിന്റെയോ ബുദ്ധിയുടെയോ വ്യത്യാസമില്ലാതെ എല്ലാവരെയും ഒരുപോലെ കാണാൻ കഴിയുന്ന ടീച്ചറുടെ ആ നല്ല മനസിനെ എത്ര പുകഴ്ത്തിയാലും മതിയാവില്ല. പൊതുവെ കണക്ക് എന്ന് കേൾക്കുമ്പോൾ പേടിപ്പെടുത്തുന്ന വിഷയമാണ് മിക്കവർക്കും. ടീച്ചറോടുള്ള ഇഷ്ട്ടകൂടുതൽ കൊണ്ടോ കണക്ക് അദ്ധ്യാപകന്റെ മകളായതുകൊണ്ടോ ആവാം ഞാൻ കണക്കിനെ ഒരുപാട് സ്നേഹിച്ചു. എന്റെ ടീച്ചറിപ്പോലെ തന്നെ. ടീച്ചറുടെ വേഷത്തിൽ പോലും ടീച്ചറുടെ എളിമ എനിക്ക് കാണാൻ സാധിച്ചു. കുട്ടികളുടെ മനസിലേക്ക് എങ്ങനെ ഒരു അദ്ധ്യാപകന് ആഴത്തിൽ ഇറങ്ങിച്ചെല്ലാൻ സാധിക്കും എന്ന് കാണിച്ചുതന്ന മാതൃക അദ്ധ്യാപിക. വാക്കിലോ പ്രവർത്തിയിലോ ആരെയും നോവിക്കാൻ ആഗ്രഹിക്കാത്ത , എന്തിന് നടക്കുമ്പോൾ ഭൂമി ദേവിയെ പോലും നോവിക്കാൻ ഇഷ്ട്ടപ്പെടാത്ത എന്റെ പ്രീയപ്പെട്ട ഗിരിജ ടീച്ചർ.

       അദ്ധ്യാപകരെ ഭയഭക്തി ബഹുമാനത്തോടെ കണ്ടതിനാൽ ആകാം പൊതുവെ അദ്ധ്യാപകരോട് സംസാരിക്കാൻ ഭയമായിരുന്നു. എന്നാൽ എന്റെ ഗിരിജടീച്ചർറോട് സംസാരിക്കാൻ ഇഷ്ടമായിരുന്നു. ടീച്ചറെ എന്റെ റോൾമോഡൽ ആക്കി പ്രതിഷ്ഠിച്ചത് കൊണ്ടാവാം ഞാനും അദ്ധ്യാപന  വൃത്തിയിലേക്ക് എത്തിയത്. ടീച്ചറെ അനുകരിച്ച് വീട്ടിലെ വാഴക്കൂട്ടങ്ങളെ കുട്ടികളായി സങ്കൽപ്പിച്ച് അവർക്ക് മുൻപിൽ വേഷം കെട്ടി അവരെ പഠിപ്പിക്കുമായിരുന്നു.വാഴകൾ ഇളംകാറ്റിൽ ആടി ഉലയുമ്പോൾ ഞാൻ പഠിപ്പിക്കുന്ന കാര്യങ്ങൾക്ക് അവ മറുപടി നൽകുന്നതായി തോന്നും. അവ അനങ്ങാതെ നിൽക്കുമ്പോൾ ചെറിയ വടിയെടുത്ത് അവയെ അടിക്കുമായിരുന്നു. അങ്ങനെ ടീച്ചറെ അനുകരിച്ചു നടന്ന ഞാൻ പഴങ്ങാടിയിലെ പ്രസിദ്ധമായ MECA സ്കൂളിലെ ഒരു അദ്ധ്യാപികയായി മാറി. പലപ്പോഴും ടീച്ചറുടെ മൂല്യങ്ങളെ എന്നിലേക്ക് കൊണ്ടുവരാൻ ഞാൻ ശ്രമിച്ചു. എന്റെ മുന്നിലുള്ള കുട്ടികളെ ഗിരിജടീച്ചറെ പോലെ എന്റെ സ്വന്തം കുട്ടികളായി കാണാൻ ഞാനും ശ്രമിച്ചുകൊണ്ടേയിരിക്കുന്നു. എന്റെ ടീച്ചർ എവിടെയാണെങ്കിലും അകലെ നിന്നുകൊണ്ട് ആ പാദത്തിൽ തൊട്ട് നമസ്ക്കരിക്കുന്നു. ഈ അദ്ധ്യാപക ദിനത്തിൽ എന്നെ ഞാനാക്കി തീർത്ത എന്റെ പ്രീയപ്പെട്ട ഗിരിജ ടീച്ചറെയും മറ്റെല്ലാ അദ്ധ്യാപകരെയും നന്ദിയോടെ ഓർത്തുകൊണ്ട് നാളെയുടെ വാഗ്ദാനങ്ങൾ വർത്തെടുക്കുന്ന എല്ലാ ഗുരുഭൂതന്മാർക്കും ഒരായിരം നന്ദി. ഒത്തിരി സ്നേഹത്തോടെ...

ബീന യേശുദാസ്
ചെവിടിച്ചാൽ, അടുത്തിലഇന്ന് സെപ്റ്റംബർ 5 സംപൂജ്യരായ അധ്യാപകരുടെ ദിനം ഈ സുദിനത്തിൽ എന്നെ പുളിങ്ങോം ചുണ്ട ഹൈസ്കൂളിൽ ഒന്നാം ക്ലാസിൽ ക്ലാസ്സിൽ പഠിപ്പിച്ച പ്രിയപ്പെട്ട ജാനകി ടീച്ചർ മുതൽ മാതമംഗലം ഹയർസെക്കൻഡറി സ്കൂളിലെ പ്രിയപ്പെട്ട പിള്ളമാഷ് വരെ ഓർമ്മകളിൽ നിറഞ്ഞു നിൽക്കുന്ന സുദിനം. ചില ഗുരുക്കന്മാർക്ക് ഹൃദയത്തിനുള്ളിൽ പറഞ്ഞറിയിക്കാനാവാതെ സ്ഥാനം ഉണ്ടാവും അത് അവരുടെ സ്നേഹവാത്സല്യങ്ങളുടെ പ്രതിഫലനമായിരിക്കും. അങ്ങനെയൊരു സ്ഥാനമാണ് എൻറെ ഉള്ളിൽ പിള്ളമാഷിന് ഉള്ളത്. സംസ്കൃതം എന്ന വിഷയത്തോടുള്ള അടുപ്പം പിള്ള മാഷിൻറെ സ്നേഹ ശകാരങ്ങളുടെയും ശിക്ഷണത്തിൻ്റെയും ആകെത്തുകയാണ്. ഭാഷാ വിഷയത്തിൻ്റെ പിരീഡിൽ ക്ലാസിലേക്ക് വരുന്നത് തൻ്റെ കുട്ടികളെ കാത്തിരിക്കുന്ന മാഷിൻറെ രൂപം ഇന്നും മനസ്സിൽ തെളിഞ്ഞു കത്തുന്നുണ്ട്. പത്താം തരത്തിൽ എന്നെക്കാൾ പഠിപ്പുള്ള കുട്ടികളെ പിന്തള്ളി സംസ്കൃതത്തിൽ ഏറ്റവും കൂടുതൽ മാർക്ക് ലഭിച്ചതിന് എൻഡോവ്മെൻറ് ഹെഡ് മാഷിൻറെ കയ്യിൽ നിന്ന് ഏറ്റുവാങ്ങുമ്പോൾ ലോകം കീഴടക്കിയ ഉത്സാഹമായിരുന്നു. വർഷങ്ങൾ ഒരുപാട് കൊഴിഞ്ഞു പോയപ്പോൾ പെട്ടെന്നൊരു ദിവസം മാഷ് ലോകത്ത്നിന്ന് യാത്രയായി എന്നറിഞ്ഞപ്പോൾ തകർന്നുപോയത് ഞാൻ മാത്രമായിരിക്കില്ല, മാഷിൻ്റെ സ്നേഹവാത്സല്യങ്ങൾ അനുഭവിക്കാൻ ഭാഗ്യം ലഭിച്ച ഒരുപാട് ശിഷ്യന്മാർ കൂടിയായിരിക്കും.

എല്ലാവരുടെയും മനസ്സിൽ കാണും ഇതുപോലെ സ്നേഹം കൊണ്ടു ശിക്ഷണം കൊണ്ട് നമ്മെ സ്വാധീനിച്ച നമ്മുടെ പ്രിയ അധ്യാപകർ. ഈ ലോകത്തിൻ്റെ ഏതെങ്കിലും കോണിൽ കുട്ടികളോടൊത്ത് ചെലവഴിച്ച് സുദിനങ്ങൾ അയവിറക്കിക്കൊണ്ട് അവർ എന്നും സന്തോഷത്തോടെ, ആയുരാരോഗ്യ സൗഖ്യത്തോടെയിരിക്കട്ടെ എന്നാണ് എൻ്റെ പ്രാർത്ഥന...

Sindhu T.K Perinthatta

Sindhu T.K 
Perinthatta


അധ്യാപക ദിനത്തിൽ പഴയങ്ങാടി ലൈവ് 'ഓർമയിലെ അധ്യാപകർ' പംക്തിയിലേക്ക് നിങ്ങളുടെ പ്രിയപ്പെട്ട അധ്യാപരെക്കുറിച്ചുള്ള ഓർമകൾ പങ്കുവെച്ചതിന് നന്ദി. അയച്ചുതന്നവർക്കും വായിക്കുന്നവർക്കും ഒരിക്കൽ കൂടി നന്ദി അറിയിക്കുന്നു. അധ്യാപക ദിനാശംസകൾ നേർന്നുകൊണ്ട് സ്നേഹത്തോടെ ടീം പഴയങ്ങാടി ലൈവ്


©