ചെറുകുന്ന്: ആശുപത്രിയിൽ ചികിസയ്ക്കെത്തിയ യുവാവിന്റെ ആക്രമണത്തിൽ നഴ്സിന് ഗുരുതര പരിക്ക്. ചെറുകുന്ന് സെന്റ് മാർട്ടി ഡി പോറസ് ആശുപത്രിയിലാണ് സംഭവം.
ശനിയാഴ്ച വൈകുന്നേരം 5.30 ഓടെയായിരുന്നു സംഭവം. കൈക്ക് മുറിവേറ്റ നിലയിൽ ചെറുകുന്ന് പൂങ്കാവിലെ ജിജിൽ ഫെലിക്സ് (36) ഇവിടെ ചികിത്സ തേടിയിരുന്നു. ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ നഴ്സ് ഇയാളുടെ കൈയുടെ മുറിവേറ്റ ഭാഗം കഴുകുന്നതിനിടയിൽ ഷൂ ധരിച്ച കാൽകൊണ്ട് കഴുത്തിന് ചവിട്ടി നിലത്തിടുകയായിരുന്നു. പരിക്കേറ്റ ഇരുപത്തിനാലുകാരിയായ നഴ്സ് ഇതോടെ അബോധാവസ്ഥയിലായി.
കഴുത്തിന് ഗുരുതരമായി പരിക്കേറ്റ ജീവനക്കാരി ചികിത്സയിലാണ്. സംഭവത്തെത്തുടർന്ന് ആശുപത്രി അധികൃതരുടെ പരാതിയിൽ പോലീസ് ആശുപത്രിയിലെത്തി. ആക്രമണോത്സുകത കാണിക്കുന്നതിനാൽ യുവാവിനെ മറ്റു ആശുപത്രിയിലേക്ക് മാറ്റി തുടർ നടപടികൾ സ്വീകരിക്കണമെന്ന് ആശുപത്രി അധികൃതർ പോലീസിനോട് ആവശ്യപ്പെട്ടു.
ഇതിനിടയിൽ പോലീസിന്റെ കണ്മുന്നിൽ വച്ച് സുഹൃത്തുക്കൾ അക്രമിയെ കാറിൽ രക്ഷപ്പെടുത്തി. ആശുപത്രി അധികൃതരുടെ പരാതിയിൽ അസഭ്യ വർഷം, ആരോഗ്യ പ്രവർത്തകർക്കു നേരെ ആക്രമണം തുടങ്ങിയ വകുപ്പുകളിൽ കണ്ണപുരം പോലീസ് കേസെടുത്തു. ശനിയാഴ്ച രാത്രി കണ്ണൂർ ജില്ല പോലീസ് കമ്മീഷണറുടെ നിർദേശത്തെ തുടർന്ന് ആശുപത്രി ജീവനക്കാരുടെ സുരക്ഷയ്ക്കായി ആശുപത്രിയിൽ പോലീസ് സംഘത്തെ നിയോഗിച്ചിട്ടുണ്ട്.