പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
അറുപത്തിയഞ്ച് വാട്സ്സാപ് ഗ്രൂപ്പുകൾ, ആൻഡ്രോയ്ഡ് അപ്ലിക്കേഷൻ , ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക്, ടെലിഗ്രാം, യൂട്യൂബ്- അമ്പതിനായിരത്തോളം സ്നേഹമുഖങ്ങൾ ♥️!! പഴയങ്ങാടിയുടെ മനസറിഞ്ഞ് അഞ്ചാം വർഷത്തിലേക്ക് പഴയങ്ങാടി ലൈവ് ഓൺലൈൻ 🖤🤍

Info Payangadi Send News Theyyam Calender
PAYANGADI WEATHER

കല്യാശ്ശേരി മണ്ഡലം നവകേരള സദസ്സ്: സമഗ്ര വികസന നടപടികളെ തകര്‍ക്കാനുള്ള പ്രതിപക്ഷ നീക്കം അനുവദിക്കില്ല- മുഖ്യമന്ത്രി

പഴയങ്ങാടി (Payangadi Live) : കേരള സര്‍ക്കാറിന്റെ സമഗ്രമായ വികസന നടപടികളെ തകിടം മറിക്കാനാണ് പ്രതിപക്ഷത്തിന്റെ ശ്രമമെന്നും ഇതിന് കേന്ദ്ര സര്‍ക്കാര്‍ കൂട്ടുനില്‍ക്കുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കല്യാശ്ശേരി മണ്ഡലം നവകേരള സദസ്സ് മാടായിപ്പാറ പാളയം ഗ്രൗണ്ടില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഞങ്ങള്‍ നിങ്ങള്‍ എന്ന വേര്‍തിരിവില്ലാതെ നാം കേരളീയര്‍ എന്ന ചിന്തയിലൂന്നി കൊണ്ടുള്ള കേരളത്തിന്റെ ഉന്നതിയാണ് നാമോരോരുത്തരും ആഗ്രഹിക്കുന്നത്. വിവിധ ജനവിഭാഗങ്ങളുടെ ജീവിത നിലവാരം ഉയരലാണതില്‍ മുഖ്യം.

 വിദ്യാഭ്യാസ സൗകര്യം, ചികിത്സാ സംവിധാനം, തൊഴില്‍, വിദ്യാഭ്യാസ യോഗ്യതക്കനുസരിച്ചുള്ള തൊഴില്‍ അവസരങ്ങള്‍ ലഭ്യമാക്കല്‍, കാര്‍ഷിക അഭിവൃദ്ധി, മാന്യമായി ജീവിക്കാനുള്ള വരുമാനം ലഭിക്കാനുള്ള സ്ഥിതി എന്നിങ്ങനെ കേരളത്തെ വലിയ തോതില്‍ ഉയര്‍ത്തി കൊണ്ടുവരാനാണ് സര്‍ക്കാറിന്റെ ശ്രമം. ഇതിനെ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ അനുവദിക്കണമോ എന്ന് ആലോചിക്കേണ്ടതുണ്ട്. മുഖ്യമന്ത്രി പറഞ്ഞു.
വലിയ ഊര്‍ജ്ജമാണ് നവകേരള സദസ്സിനെത്തുന്ന ജനങ്ങളില്‍ നിന്ന് ലഭിക്കുന്നത്. മൈതാനങ്ങള്‍ക്ക് താങ്ങാന്‍ കഴിയാത്ത ജനസഞ്ചയമാണ് എത്തുന്നത്. നിങ്ങള്‍ ധൈര്യമായി മുന്നോട്ട് പോകൂ ഞങ്ങള്‍ ഒപ്പമുണ്ട് എന്ന പ്രഖ്യാപനമാണ് ഈ ജനസഞ്ചയം. മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

സാമ്പത്തിക വ്യത്യാസമില്ലാതെ വിദ്യാഭ്യാസത്തിനുള്ള സാഹചര്യം നമുക്കുണ്ട്. വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തുക എന്നതാണ് ഇനിയുള്ള ലക്ഷ്യം. വിദ്യാര്‍ഥികളുടെ ഇളം മനസില്‍ തെറ്റായ കാര്യങ്ങള്‍ കുത്തിനിറയ്ക്കാനാണ് ഇന്ത്യാ ഗവണ്‍മെന്റിന്റെ ശ്രമം. യാഥാര്‍ത്ഥ്യങ്ങളും വസ്തുതകളും വളച്ചൊടിച്ച് ചരിത്രം മറയ്ക്കാനാണ് നീക്കം. അറിയേണ്ട കാര്യങ്ങള്‍ പാഠപുസ്തകത്തില്‍ വേണ്ടെതില്ലെന്ന നിലപാട് കേന്ദ്രം കൈകൊണ്ടപ്പോള്‍ രാജ്യം പൊതുവെ ആ നിലപാടിനൊപ്പം ചേര്‍ന്നു. എന്നാല്‍ ഒഴിവാക്കിയ പാഠഭാഗങ്ങള്‍ കുട്ടികള്‍ പഠിക്കൂ എന്ന് പറയാന്‍ ആര്‍ജ്ജവം കാട്ടിയ സര്‍ക്കാരാണ് എല്‍ ഡി എഫ് സര്‍ക്കാര്‍. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ സമൂലമാറ്റം കൊണ്ടുവരാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. അഭ്യസ്തവിദ്യരായ യുവജനങ്ങള്‍ക്ക് വ്യത്യസ്തങ്ങളായ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും നടപടികളെടുത്തു മുഖ്യമന്ത്രി പറഞ്ഞു.

 സംരംഭക വര്‍ഷത്തിന്റെ ഭാഗമായി 140000 പുതു സംരംഭങ്ങളുണ്ടായി. ഇതില്‍ നല്ലൊരു ഭാഗം സ്ത്രീ സംരംഭകരായിരുന്നുവെന്നത് ശ്രദ്ധേയമാണ്. ഇതിലെ ആയിരം സംരംഭങ്ങള്‍ 100 കോടി രൂപ ആസ്തിയുള്ളവയാക്കി മാറ്റാനാണ് സംസ്ഥാന സര്‍ക്കാറിന്റെ ശ്രമം. പുതിയ രണ്ട് ഐടി പാര്‍ക്ക് തുടങ്ങുന്നതിന് നടപടി സ്വീകരിച്ചു. തിരുവനന്തപുരം – കൊല്ലം, ഏറണാകുളം- ആലപ്പുഴ, ഏറണാകുളം-കൊരട്ടി എന്നിവിടങ്ങളിലേക്ക് ഐ ടി കോറിഡോര്‍ വരികയാണ്. വലിയ പ്രതീക്ഷകളാണ് ഇത് പുതുതലമുറക്ക് നല്‍കുന്നത്. ശബരിമല വിമാനത്താവളത്തിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതായും കേന്ദ്രാനുമതി ലഭിക്കുന്നതോടെ മറ്റ് നടപടികള്‍ ആരംഭിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

വന്ദേഭാരത് ട്രെയിന്‍ വന്നതോടെ കെ റെയിലിന്റെ ആവശ്യകത ഒന്നുകൂടി ജനങ്ങള്‍ തിരിച്ചറിഞ്ഞിരിക്കുകയാണ്. നിരവധി പേരാണ് വന്ദേഭാരതില്‍ യാത്ര ചെയ്യുന്നത്.ഏറ്റവും കൂടുതല്‍ വരുമാനമാണ് വന്ദേഭാരതിന്റെ കേരള സെക്ടറില്‍ നിന്നും ലഭിക്കുന്നത്. വന്ദേഭാരതിനായി മറ്റ് ട്രെയിനുകള്‍ പിടിച്ചിടുന്നത് യാത്രക്കാരെ ദുരിതത്തിലാക്കുന്നു. പുതിയ ട്രാക്ക് വന്നാലെ ദുര്‍ഗതി മാറുമെന്ന ബോധ്യം ജനങ്ങള്‍ക്കുണ്ട്. എന്ത് പേരിട്ട് വിളിച്ചാലും നല്ല വേഗതയില്‍ വണ്ടി ഓടിക്കാന്‍ പറ്റുന്ന ട്രാക്ക് വേണമെന്ന് യാത്രക്കാരും നാട്ടുകാരും ആഗ്രഹിക്കുന്നു. അതിന് കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയാണാവശ്യം മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
എം വിജിന്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ കെ രാജന്‍, ആര്‍ ബിന്ദു, കെ രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. മറ്റ് മന്ത്രിമാര്‍, മുന്‍ മന്ത്രി ഇ പി ജയരാജന്‍, മുന്‍ എംപിമാരായ പി കെ ശ്രീമതി, കെ കെ രാഗേഷ്, മുന്‍ എം എല്‍ എ ടി വി രാജേഷ്, ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍, സംഘാടക സമിതി ജന.കണ്‍വീനര്‍ ഡിഎല്‍ സുമ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ എന്നിവര്‍ പങ്കെടുത്തു.


സര്‍ക്കാര്‍ ലക്ഷ്യം വൈജ്ഞാനിക സമ്പദ് വ്യവസ്ഥയിലൂന്നിയ നവകേരളം; മന്ത്രി ആര്‍ ബിന്ദു

വൈജ്ഞാനിക സമ്പദ് വ്യവസ്ഥയിലൂന്നിയ ഒരു നവകേരളമാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ആര്‍ ബിന്ദു പറഞ്ഞു. കല്ല്യാശ്ശേരി മണ്ഡലം നവകേരളസദസ്സില്‍ സംസാരിക്കുകയായിരുന്നു അവര്‍. ആധുനിക കാലത്തെ വെല്ലുവിളികളെ നേരിട്ടുകൊണ്ട് സാര്‍വത്രിക ജീവിതനിലവാരമുയര്‍ത്തുന്നതിനുള്ള മാതൃക ഒരുക്കുന്നതിന് വൈജ്ഞാനികമായ ഇടപെടലിലൂടെ സാധിക്കും. കേരളത്തെ ഉന്നത വിദ്യാഭ്യാസ ഹബ്ബായി മാറ്റുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കുകയാണ്. അവര്‍ പറഞ്ഞു.
സാമൂഹ്യ നീതിയിലധിഷ്ഠിതമായ വികസന കാഴ്ചപ്പാടില്‍ ഊന്നിയ വികസന മാതൃകയാണ് സര്‍ക്കാര്‍ കേരളത്തില്‍ നടപ്പാക്കുന്നത്. എല്ലാവര്‍ക്കും ഭൂമി, വീട്, തൊഴില്‍, വിദ്യാഭ്യാസം, ആരോഗ്യം, അടിസ്ഥാന ജീവിത സൗകര്യം എന്നിവ ലഭ്യക്കാനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ സംസ്ഥാന സര്‍ക്കാറിന് സാധിച്ചു. ഇതിലൂടെ ലോകത്തിന് മുമ്പില്‍ ഒരു ബദല്‍ വികസന മാതൃക അവതരിപ്പിക്കാന്‍ കേരളത്തിന് കഴിഞ്ഞു. പുതിയ ലോകത്തെ കൂടി അഭിസംബോധന ചെയ്യാന്‍ സാധിക്കുന്ന ഒരു വികസന മാതൃക. സര്‍വ്വതല സ്പര്‍ശിയായ വികസന പ്രവര്‍ത്തനങ്ങളിലൂടെ വികസിത നവകേരളം എന്ന ആശയമാണ് സര്‍ക്കാര്‍ മുന്നോട്ട് വെക്കുന്നത്. മന്ത്രി പറഞ്ഞു.
ദരിദ്രര്‍ ഏറ്റവും കുറവുള്ള നാടാണ് കേരളം. അതിദരിദ്രരായി കണ്ടെത്തിയ 640000 കുടുംബങ്ങളുടെ സമ്പൂര്‍ണ പുനരധിവാസത്തിന് സഹായകമാകുന്ന പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പാക്കി വരുന്നു.


നിലവിലെ സര്‍ക്കാര്‍ അഞ്ചു വര്‍ഷം പൂര്‍ത്തിയാകും മുമ്പ് അതിദാരിദ്രരില്ലാത്ത സംസ്ഥാനം എന്ന് കേരളം അറിയപ്പെടും. ലൈഫ് പാര്‍പ്പിട പദ്ധതിയിലുള്‍പ്പെട്ട മുഴുവന്‍ പേരെയും പുനരധിവസിപ്പിക്കും. ഭൂരഹിതരും ഭവനരഹിതരും ഇല്ലാത്ത സംസ്ഥാനമായി നാം മാറും. ഒന്നേകാല്‍ ലക്ഷം പട്ടയങ്ങള്‍ നല്‍കാന്‍ സാധിച്ചു. ഏറ്റവും കൂടുതല്‍ സാമൂഹിക പെന്‍ഷന്‍ വിതരണം ചെയ്യുന്ന സംസ്ഥാനമായും കേരളം മാറി. ഏറ്റവും സൗഖ്യമായ വയോജന ജീവിതം നയിക്കുന്നവരാണ് കേരളത്തിലുള്ളത്. 75 ശതമാനം വയോജനങ്ങള്‍ക്കും സര്‍വീസ് പെന്‍ഷനോ സാമൂഹിക പെന്‍ഷനോ ലഭിക്കുന്നുണ്ട്. രാജ്യചരിത്രത്തില്‍ തന്നെ ആദ്യത്തെ ഡിജിറ്റല്‍ സയന്‍സ് പാര്‍ക്കും ജലമെട്രോയും നിലവില്‍ വന്നത് കേരളത്തിലാണ്.

ജനജീവിത നിലവാരം ഉയര്‍ത്തുന്നത്തിനാവശ്യമായ വികസന മാതൃകയാണ് സര്‍ക്കാര്‍ മുന്നോട്ട് വെക്കുന്നത്. ഇത്തരത്തില്‍ അടിസ്ഥാന സൗകര്യ വികസന മേഖലയിലും ഹൈവേകളുടെയും സംസ്ഥാന പാതകളുടെയും വികസനത്തിലും പൊതുവിദ്യാഭ്യാസം, ഉന്നതവിദ്യാഭ്യാസം, തൊഴില്‍, സംരംഭം, കൃഷി, ഭക്ഷ്യസുരക്ഷ, ആരോഗ്യം തുടങ്ങിയ എല്ലാമേഖലകളിലും കേരളം വലിയ കുതിച്ചുചാട്ടം ഉണ്ടാക്കി. രാജ്യത്തിനകത്തും പുറത്തും ഒട്ടേറെ അംഗീകാരങ്ങള്‍ നേടി. മന്ത്രി ആര്‍ ബിന്ദു പറഞ്ഞു.

നവകേരള സദസ്സിന് പിന്നില്‍ ആധുനികകേരളം ഏങ്ങിനെയാവണമെന്ന കാഴ്ചപ്പാട്;മന്ത്രി കെ രാധാകൃഷ്ണന്‍

ആധുനിക കാലത്തെ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് 25 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ കേരളം എങ്ങനെയാകണം എന്ന കാഴ്ചപ്പാടാണ് നവകേരള സദസ്സിലൂടെ സര്‍ക്കാര്‍ ജനങ്ങള്‍ക്ക് മുമ്പില്‍ അവതരിപ്പിക്കുന്നതെന്ന് പട്ടികജാതി- പട്ടിക വര്‍ഗ്ഗ- പിന്നോക്ക ക്ഷേമ- ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍ പറഞ്ഞു. കല്ല്യാശ്ശേരി മണ്ഡലം നവകേരള സദസ്സില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
കേരള രൂപീകരണത്തിന് ശേഷം വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ എല്ലാ മേഖലകളിലും ഏറെ മുന്നിട്ട് നില്‍ക്കുകയാണ് നമ്മള്‍. അത് ഇടതുപക്ഷ സര്‍ക്കാരിന്റെ ഭരണം കൊണ്ടാണ്. പാവപ്പെട്ട കര്‍ഷകന്റെ ക്ഷേമ പെന്‍ഷന്‍ വര്‍ധിപ്പിക്കാന്‍ ആദ്യമായി തീരുമാനമെടുത്തത് നായനാര്‍ സര്‍ക്കാരിന്റെ കാലഘട്ടത്തിലാണ്. പിന്നീടുള്ള കാലം ഇടതുപക്ഷ സര്‍ക്കാര്‍ പലതവണകളായി അധികാരത്തില്‍ വന്നപ്പോഴാണ് പെന്‍ഷന്‍ തുക വര്‍ധിപ്പിച്ചതെന്നും മന്ത്രി പറഞ്ഞു. 2016 വരെ 18 മാസം കുടിശ്ശികയായിരുന്ന പെന്‍ഷന്‍ തുക 2016ല്‍ ഇടതുപക്ഷ സര്‍ക്കാര്‍ വന്നപ്പോള്‍ ലഭ്യമാക്കി. 2021ല്‍ പെന്‍ഷന്‍ തുക 1600 രൂപയായും ഉയര്‍ത്തി. 2016 മുതല്‍ 2021 വരെ 35154 കോടി രൂപയാണ് പെന്‍ഷന് വേണ്ടി സര്‍ക്കാര്‍ ചെലവഴിച്ചത്. 2021 മുതല്‍ ഇതുവരെ 23350 കോടി രൂപയും ചെലവഴിച്ചു. ഇത്തരത്തില്‍ പാവപ്പെട്ടവന്റെ ക്ഷേമം ഉറപ്പുവരുത്തുകയാണ് സര്‍ക്കാരിന്റെ നയമെന്നും മന്ത്രി പറഞ്ഞു

ഭൂദാനം കോളനി പ്രശ്‌നവും പട്ടുവത്തെ ഭൂമി പ്രശ്‌നവും പരിഹരിക്കും; മന്ത്രി കെ രാജന്‍

കല്ല്യാശ്ശേരി മണ്ഡലത്തിലെ ഭൂദാനം കോളനി പ്രശ്‌നവും പട്ടുവത്തെ ഭൂമിയുമായി ബന്ധപ്പെട്ട പ്രശ്‌നവും പരിഹരിക്കുമെന്ന് റവന്യൂ-ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ രാജന്‍ പറഞ്ഞു. കല്ല്യാശ്ശേരി മണ്ഡലം നവകേരള സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
തെരഞ്ഞെടുപ്പ് സമയത്ത് പുറത്തിറക്കിയ പ്രകടന പത്രികയിലെ പ്രഖ്യാപനങ്ങള്‍ ഓരോന്നായി നടപ്പാക്കിയാണ് നമ്മുടെ സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. കഴിഞ്ഞ ഏഴര വര്‍ഷത്തിനിടയില്‍ മൂന്ന് ലക്ഷം പട്ടയമാണ് കേരളത്തില്‍ വിതരണം ചെയ്തത്. കഴിഞ്ഞ രണ്ടുവര്‍ഷം കണ്ണൂര്‍ ജില്ലയില്‍ മാത്രം 11386 പട്ടയങ്ങള്‍ വിതരണം ചെയ്തു. ഒന്നാം വര്‍ഷം 4221 പട്ടയങ്ങളും രണ്ടാം വര്‍ഷം 7165 പട്ടയങ്ങളും നല്‍കി.
നവകേരള സദസ്സിന്റെ ഭാഗമായുള്ള പരാതികളും അപേക്ഷകളും മാത്രമല്ല ആശയങ്ങള്‍ കൂടിയാണ് സ്വീകരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

വെയിലത്തും വാടാതെ ആവേശം, മാടായില്‍ ഇരമ്പിയെത്തി ജനസാഗരം
മലയും പുഴയും ചേരുന്ന മാടായിപ്പാറയിലേക്ക് ജനസാഗരം ഇരമ്പിയെത്തി, പൊള്ളുന്ന വെയിലിലും തളരാതെ അവര്‍ കാത്തിരുന്നു, ഒടുവില്‍ ജനനായകരുടെ വരവോടെ ആവേശത്തിന്റെ വേലിയേറ്റം. മാടായി പാളയം ഗ്രൗണ്ടില്‍ നടന്ന കല്ല്യാശ്ശേരി മണ്ഡലം നവകേരള സദസ്സാണ് ജനകീയതയുടെ ശംഖൊലിയായത്.
മണിക്കൂറുകള്‍ക്ക് മുമ്പേ മൈതാനത്തേക്ക് ആയിരങ്ങള്‍ ഒഴുകി. ക്ഷേത്രകലാ അക്കാദമിയുടെ നേതൃത്വത്തില്‍ ചെറുതാഴം ചന്ദ്രനും സംഘവും അവതരിപ്പിച്ച പാണ്ടിമേളവും തായമ്പകയും ഏവരെയും സ്വീകരിച്ചു. കാഞ്ഞങ്ങാട് രാമചന്ദ്രന്‍ സംഗീതം നല്‍കി പിലാത്തറ ലാസ്യ കലാക്ഷേത്രം ജീവന്‍ നല്‍കിയ സംഗീത ശില്‍പ്പം നവകേരളത്തിന്റെ വിളംബരമായി. ഒടുവില്‍ ജന നിബിഢമായ സദസ്സിലൂടെ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും വേദിയിലെത്തിയപ്പോള്‍ നിറഞ്ഞ കയ്യടി. പുസ്തകവും പൂക്കളും നല്‍കി സ്വീകരിച്ചു. മന്ത്രിമാരായ ആര്‍ ബിന്ദു, കെ രാജന്‍, കെ രാധാകൃഷ്ണന്‍ എന്നിവര്‍ ആദ്യം സംസാരിച്ചു. തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നവകേരളത്തെ കുറിച്ചുള്ള ആശയം പങ്കുവെച്ചു. ഒടുവില്‍ മന്ത്രിസഭാ അംഗങ്ങള്‍ അടുത്ത വേദിയിലേക്ക് മടങ്ങുമ്പോഴും ആവേശത്തിരയിളകി.

ഭിന്നശേഷിക്കാര്‍ക്കും വയോജനങ്ങള്‍ക്കും പ്രത്യേകം പരിഗണന നല്‍കി 11 കൗണ്ടറുകള്‍ പരാതി സ്വീകരിക്കാന്‍ ഒരുക്കിയിരുന്നു. രാവിലെ 11.30 മുതല്‍ വൈകിട്ടു വരെ 2469 പരാതികള്‍ ലഭിച്ചു. പരാതി എഴുതി നല്‍കാനും ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കാനും പ്രത്യേക ഹെല്‍പ്പ് ഡെസ്‌ക്കും ഒരുക്കി. കുപ്പിയിലെ കുടിവെള്ള വിതരണം ആശ്വാസമേകിയപ്പോള്‍ ബോട്ടില്‍ ബൂത്ത് സ്ഥാപിച്ച് പ്രദേശം വലിച്ചെറിയല്‍ മുക്തമാക്കി. മാലിന്യങ്ങള്‍ തത്സമയം നീക്കാന്‍ ഹരിതകര്‍മ്മ സേനയും സജീവമായിരുന്നു. ഇത്തരത്തില്‍ സംഘാടകരും വിവിധ വകുപ്പുകളും ചേര്‍ന്ന് പിഴവില്ലാത്ത ക്രമീകരണങ്ങള്‍ ഒരുക്കിയത് സദസ്സിന്റെ മാറ്റുകൂട്ടി. തുടര്‍ന്ന് ഗായകരായ കണ്ണൂര്‍ ഷെരീഫ്, പ്രസീത ചാലക്കുടി, സജില സലിം എന്നിവര്‍ നയിച്ച മെഗാ മ്യൂസിക്കല്‍ ഷോ അരങ്ങേറി.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

 Sponsored

Bright 10x Ad
Join-job-Whats-App-group