പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
അറുപത്തിയഞ്ച് വാട്സ്സാപ് ഗ്രൂപ്പുകൾ, ആൻഡ്രോയ്ഡ് അപ്ലിക്കേഷൻ , ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക്, ടെലിഗ്രാം, യൂട്യൂബ്- അമ്പതിനായിരത്തോളം സ്നേഹമുഖങ്ങൾ ♥️!! പഴയങ്ങാടിയുടെ മനസറിഞ്ഞ് അഞ്ചാം വർഷത്തിലേക്ക് പഴയങ്ങാടി ലൈവ് ഓൺലൈൻ 🖤🤍

Info Payangadi Send News Theyyam Calender
PAYANGADI WEATHER

നാളെ മാരി തെയ്യങ്ങളെ വരവേൽക്കാൻ പഴയങ്ങാടി ഒരുങ്ങി.... Mari theyyam in Payangadi

© പഴയങ്ങാടി ലൈവിന് വേണ്ടി പ്രത്യേക ലേഖകൻ തയ്യാറാക്കിയത്..
പഴയങ്ങാടി (www.payangadilive.in) നാളെ മാരി തെയ്യങ്ങളെ വരവേൽക്കാൻ പഴയങ്ങാടി ഒരുങ്ങി. 

Mari theyyam
മാരി തെയ്യങ്ങൾ

കനത്ത മഴ ലഭിക്കുന്ന മാസമാണ് കർക്കടകം അതുകൊണ്ട് തന്നെ പഞ്ഞമാസം എന്നും കർക്കടകത്തെ വിശേഷിപ്പിക്കാറുണ്ട്. കർക്കടകം പൊതുവെ ശുഭകാര്യങ്ങൾക്ക് ഉത്തമമല്ല. നാടിന് മഹാവിപത്ത് പിടിപ്പെടുന്ന മാസമെന്നാണ് പഴമക്കാർ പറയാറുള്ളത്. സംഗീത പാരമ്പര്യവും സാംസ്‌കാരിക തനിമയുമുള്ള  കൂട്ടായ്മയാണ് കോലത്തുനാട്ടിലെ പുലയ  സമുദായം. ഈ സമുദായത്തിലെ പ്രചാരത്തിലുള്ള ആകർഷകമായ തെയ്യക്കോലമാണ് മാരിതെയ്യം. 
കണ്ണൂർ മാടായിക്കാവിന്റെ പരിസരത്തുള്ള പ്രദേശത്തിലൂടെയാണ് മാരിതെയ്യത്തിന്റെ പ്രചാരം. കർക്കിടകം  കലിതുള്ളും എന്ന് പൂർവികർ വിശേഷിപ്പിക്കുന്ന 16ആം  നാളും കോളും എന്ന ദിവസത്തിലാണ് (ഓഗസ്റ്റ് 1നു ) മാരിതെയ്യത്തിന്റെ വരവ്. കണ്ണൂർ ജില്ലയിൽ പഴയങ്ങാടിയിലെ മാടായി കാവിന്റെ സന്നിധിയിൽ നിന്നും 700മീറ്റർ ദൂരെ വടക്കു കിഴക്കായിട്ടുള്ള പ്രത്യേക സ്ഥാനത്തുനിന്നു രാവിലെ 10:30നു തോറ്റങ്ങളോടെയാണ് 6 ഓളം മാരിതെയ്യങ്ങൾ അണിഞ്ഞൊരുങ്ങുന്നത്. പട്ടുവസ്ത്രങ്ങൾ കുറഞ്ഞു കുരുത്തോലയിലാണ് ഉടയാടകൾ.  ചെണ്ടവാദ്യങ്ങളില്ലാതെ തുടി കൊട്ടിക്കൊണ്ടാണ് മാരിതെയ്യത്തിന്റെ നൃത്തചുവട്. കാവിന്റെ പരിസരത്തെ വീടുകളിൽ എത്തിചേരുന്ന മാരി തെയ്യങ്ങളെ വീട്ടുകാർ നിലവിളക്ക് കൊളുത്തി ഭക്തിയോടെ  വരവേറ്റ് ധാന്യങ്ങളും ധനങ്ങളും നൽകി  സ്വീകരിക്കുന്നു. തുടർന്ന് തുടി  കൊട്ടിപ്പാട്ടോടെപുതിയങ്ങാടി ചൂട്ടാട് കടപ്പുറത്തു എത്തിച്ചേർന്നു കർമങ്ങൾക്ക് ശേഷം  അപ്രത്യക്ഷമാവും.
നാടിന് ഭവിച്ച എല്ലാ ദുരിതങ്ങളും അകറ്റി ഐശ്വര്യം കൈവരുത്തുവാൻ കെട്ടിയാടുന്ന തെയ്യങ്ങളാണ് മാരി തെയ്യങ്ങൾ. കർക്കടകത്തിലെ പതിനാറാം നാളിലാണ് മാരി തെയ്യങ്ങൾ പുറപ്പെടുക. മാരിക്കലിയൻ, മാമാരിക്കലിയൻ, മാരിക്കലച്ചി, മാമായക്കലച്ചി, മാരിക്കുളിയൻ, മാമായക്കുളിയൻ എന്നീ ആറു തെയ്യക്കോലങ്ങളാണ്‌ ഈ ദിവസം കെട്ടിയാടുന്നത്.

കർക്കടകം പതിനാറാം നാളിൽ മാടായി തിരുവർക്കാട്ട് കാവിലെ ഉച്ചപൂജയ്ക്ക് ശേഷമാണ് തെയ്യങ്ങളുടെ പുറപ്പാട്. മഹാമാരികളേയും ദോഷങ്ങളേയും ആവാഹിച്ച് തൊട്ടടുത്ത പുഴയിലോ കടലിലോ ഒഴുക്കിക്കളയുന്നതാണ്‌ ഈ തെയ്യത്തിലെ പ്രധാന ചടങ്ങ്. പൊയ്മുഖവും കുരുത്തോല കൊണ്ടുള്ള ഉടയാടകളും ആടയാഭരണങ്ങളും അണിഞ്ഞെത്തുന്ന തെയ്യം തുടിതാളത്തിന്‍റെ അകമ്പടിയോടെയാണ് പുറപ്പെടുക.

ഐതിഹ്യം 

ആരിയ നാട്ടിൽ നിന്ന് ഏഴ് ദേവതമാരുടെ ഒരു കപ്പൽ പുറപ്പെടുകയുണ്ടായി. ആ നാട്ടിൽ തന്നെ ജന്മം കൊണ്ട മാരിക്കൂട്ടങ്ങൾ ദേവതമാരുടെ കണ്ണുവെട്ടിച്ച് കപ്പലിൽ കയറിപ്പറ്റി. കടലിന് മധ്യത്തിൽ എത്തിയപ്പോൾ കപ്പലിനെ ചൂരിയങ്കാറ്റും മാരിയങ്കാറ്റും പിടിച്ചുലച്ചു. അങ്ങനെ കപ്പൽ മലനാടിനരികിലൂടെ കടന്നുപോയപ്പോൾ ദേവതമാർ തട്ടും തടയും വെച്ച് മാരിക്കൂട്ടങ്ങളെ അവിടെ ഇറക്കി വിട്ടു. അതോടെ വൻ വിപത്തുകൾ മലനാടിനെ പിടികൂടാൻ തുടങ്ങി. മനുഷ്യരും കന്നുകാലികളും പക്ഷികളുമെല്ലാം കടുത്ത രോഗങ്ങൾ ബാധിച്ച് ചത്തൊടുങ്ങി. ക്ഷേത്രങ്ങളിൽ വിളക്കുവയ്ക്കലും പൂജകളുമെല്ലാം മുടങ്ങി. ഒടുവിൽ മാടായിക്കാവ് തിരുവർക്കാട്ട് ഭഗവതിക്കും കൊടും വിപത്ത് ബാധിച്ചു.

ക്ഷേത്രത്തിൽ പ്രശ്നം വച്ചപ്പോൾ ഇതിന് പരിഹാരം ഭട്ട്യൻ പൊള്ളയ്ക്ക് മാത്രമേ ചെയ്യാൻ കഴിയുകയുള്ളൂ എന്ന് തെളിഞ്ഞു. ഉടനെ ഭട്ട്യൻ പൊള്ളയെ വിളിച്ചുവരുത്തി. പൊള്ള മാടായിക്കാവ് ക്ഷേത്രത്തിലെത്തി മന്ത്രങ്ങൾ ചൊല്ലി 118 കൂട്ടം ശനികള്‍ ദേവിയെയും നാടിനെയും ബാധിച്ചിരിക്കുന്നു എന്നു വെളിപ്പെടുത്തി. പരിഹാര മാർഗമായി മാരി തെയ്യം കെട്ടി മാരിപ്പാട്ട് പാടണമെന്നും അരുൾ ചെയ്തു. അന്ന് മലനാട് ഭരിച്ചിരുന്നത് ചിറയ്ക്കൽ തമ്പുരാനും ക്ഷേത്രത്തിന്‍റെ ഭരണ ഉത്തരവാദിത്വം ചേരമാൻ പെരുമാളിനുമായിരുന്നു.
118 കൂട്ടം ശനികളില്‍ രണ്ട് കൂട്ടം ശനിയെ മലയനും ഒരു കൂട്ടം ശനിയെ വണ്ണാനും ബാക്കിവരുന്ന ശനിയെ പുലയനും മാത്രമേ ഒഴിപ്പിക്കാൻ കഴിയുകയുള്ളൂവെന്ന് ഭട്ട്യൻ പൊള്ള അരുള്‍ ചെയ്തു. തുടർന്ന് പുലയ-മലയ സമുദായത്തിൽപ്പെട്ടവർ മാരിത്തെയ്യങ്ങൾ കെട്ടിയാടി ദേവിയെയും നാടിനെയും ബാധിച്ച ശനിയെ ഒഴിപ്പിച്ചു എന്നാണ് ഐതിഹ്യം. തുടർന്നിങ്ങോട്ട് കർക്കടകം പതിനാറാം നാളിൽ മാടായിക്കാവിൽ നിന്നും വീടുകൾ തോറും കയറിയിറങ്ങാൻ മാരിത്തെയ്യങ്ങൾ എത്തുകയായി. വീടുകൾ തോറും സഞ്ചരിച്ച് ശനിയെ ആവാഹിച്ച് തെയ്യങ്ങൾ ഉറഞ്ഞ് കടലിലേക്ക് നീങ്ങും. ആവാഹിച്ചെടുത്ത ശനിയെ ആരിയ നാട്ടിലേക്ക് തന്നെ പറഞ്ഞയച്ച് നാടിനെ ശനി ബാധയിൽ നിന്നും രക്ഷിക്കുന്നു. അതോടെ ഐശ്വര്യ പൂർണമായ പൊൻ ചിങ്ങത്തെ വരവേൽക്കാൻ നാടും ഒരുങ്ങുകയായി.

© പഴയങ്ങാടി ലൈവിന് വേണ്ടി പ്രത്യേക ലേഖകൻ തയ്യാറാക്കിയത്.. 

Keywords: Mari Theyyam, Karkkadakam, Kannur, Madayi Kavu, Payangadi Live, Payangadi News, Pazhayangadi, Madayi, Theyyam, Rituals

2 comments

  1. ❤️❤️
  2. മാരി തെയ്യത്തെ കാണണം എന്ന് വിചാരിച്ച് നടക്കുവായിരുന്നു
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

 Sponsored

Bright 10x Ad
Join-job-Whats-App-group